Monday, April 6, 2009

സമുദായ ശക്തികള്‍ കരുത്ത് തെളിയിക്കുമോ?

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയപാര്‍ട്ടികള്‍ ഒരോ സമുദായങ്ങളെയും തങ്ങളോടൊപ്പം നിര്‍ത്തുവാനുള്ള ശ്രമങ്ങള്‍ ആ‍രംഭിച്ചു കഴിഞ്ഞു, എന്നാല്‍ ക്രൈസ്തവ,നായര്‍ സമുദായങ്ങള്‍ ഇടതുപക്ഷവുമായി നല്ല സ്വരചേര്‍ച്ചയില്‍ അല്ലതാനും.കത്തോലിക്കാസഭ പരസ്യമായി തന്നെ ഇടതുപക്ഷത്തിനെതിരെ രംഗത്തു വന്നു കഴിഞ്ഞു.നായര്‍ സമൂഹവും രഹസ്യമായി ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിക്കുവാനുള്ള തയാറെടുപ്പിലാണ്.

എന്നാല്‍ സമീപകാല ചരിത്രങ്ങള്‍ പഠിപ്പിക്കുന്നത് സമുദായ ശക്തികള്‍ക്കു കാര്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താനാകുന്നില്ല എന്നുള്ളതാണ്.1957-ലെ ചരിത്രം മറന്നുകൊണ്ടല്ല ഈ അഭിപ്രായം.എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്തുവാന്‍ കത്തോലിക്കാസഭാ നേത്രുത്വം അരയും തലയും മുറുക്കി രംഗത്തു വന്നിരുന്നു.പക്ഷേ വിശ്വാസികള്‍ സഭാനേത്രുത്വത്തിനൊപ്പം നില്‍ക്കാന്‍ തയാറായില്ല.അതു പോലെ തന്നെ എസ്.എന്‍.ഡി.പി നേത്രുത്വം മൂന്ന് യു.ഡി.ഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തുമെന്ന് പരസ്യമായ വീരവാദം മുഴക്കിയിട്ട്, മൂവരും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു.നായര്‍ സമുദായം തങ്ങളുടെ സ്ഥിരം തുറുപ്പ് ചീട്ടായ സമദൂര സിദ്ധാന്തത്തില്‍ പിടിച്ചു നിന്നു.

എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പല സാമൂഹിക പ്രശനങ്ങളിലും എടുത്ത രാഷ്ട്രീയ നിലപാടുകള്‍ ചില സമുദായ ശക്തികളെ ഉന്നം വച്ചുകൊണ്ടുള്ളതായിരുന്നു.കേരളത്തിന്റെ സാംസ്കാരിക മന്ത്രി കത്തോലിക്കാ സഭാ നേത്രുത്വത്തിനെതിരെ നടത്തിയ സംസ്കാരമില്ലാത്ത ചില പദപ്രയോഗങ്ങള്‍ സഭാവിശ്വാസികളില്‍ ഇടതുപക്ഷത്തിനെതിരെ കടുത്ത വികാരം സ്രഷ്ടിച്ചിട്ടുണ്ട്. അതു പോലെ തന്നെ സി.പി.എം സെക്രട്ടറി നായര്‍ സമുദായത്തിനെതിരെ ധാര്‍ഷ്ട്യം നിറഞ്ഞ സ്വരത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സമുദായ അംഗങ്ങളെ വേദനിപ്പിച്ചിട്ടുമുണ്ട്.

മധ്യതിരുവതാംകൂറില്‍ ഈ രണ്ട് സമുദായങ്ങള്‍ക്കും കാര്യമായ സ്വാധീനം ചെലുത്തുവാന്‍ സാധിക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇത് തങ്ങള്‍ക്കു അനുകൂല ഘടകമാക്കാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ് നേത്രുത്വം.ഇതുകൊണ്ടുതന്നെയാവണം ഇടതുപക്ഷം ഇത്തവണ കളം മാറ്റി ചവിട്ടിയിരിക്കുന്നത്.മുസ്ളീം സമുദായത്തിലെ വിവിധ വിഭാഗങ്ങളെ തങ്ങളൊടൊപ്പം നിര്‍ത്തി മലബാര്‍ ചുവപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടതു നേത്രുത്വം.അതുകൊണ്ടാണ് പി.ഡി.പി പോലുള്ള വര്‍ഗ്ഗീയ പാര്‍ട്ടികളെ കൂടെ നിര്‍ത്തി ഇടതുപക്ഷത്തിന്റെ വര്‍ഗ്ഗീയത പുറത്തു വന്നിരിക്കുന്നു എന്ന ദുഷ്പേരു പോലും ചുമക്കേണ്ടി വരുന്നത്.

ഇതൊക്കെയാണങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സമ്മതിദായകര്‍ തങ്ങളുടെ മതവിശ്വാസവും കൊടിയുടെ നിറവും തമ്മില്‍ കൂട്ടി കലര്‍ത്തുമോ?
അങ്ങനെ സമീപകാല ചരിത്രം തിരുത്തിയെഴുതിയാല്‍ അത് ആര്‍ക്കു ഗുണം ചെയ്യും?
അതിനു മെയ് 16 വരെ കാത്തിരിക്കേണ്ടിയിരിക്കുന്നു.

Saturday, March 28, 2009

ഭാരതം വീണ്ടുമൊരു തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്....

കുംഭകോണങ്ങളുടെ കണക്ക് പറഞ്ഞ് ജനപ്രതിനിധികളെ പ്രതിക്കുട്ടില്‍ നിര്‍ത്തുമ്പോള്‍ ഒന്നോര്‍ത്തു നൊക്കുക.. താങ്കള്‍ താങ്കളുടെ സമ്മതിദാനാവകാശം ശരിയായി ആണോ വിനിയോഗിച്ചത് - ചിന്തിക്കുക.

തെറ്റ് പറ്റിയെങ്കില്‍ തിരുത്തുക.....